ആലപ്പുഴ: കഴിഞ്ഞ മാസങ്ങളിൽ ആലപ്പുഴ ജില്ലയിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിനായി കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഏഴംഗ സംഘമാണ് പരിശോധന നടത്തിയത്.
കരുവാറ്റ, നെടുമുടി, എസി റോഡിന്റെ വിവിധ ഭാഗങ്ങൾ, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ നോർത്ത്, കാർത്തികപ്പള്ളി, ആലപ്പുഴ നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ജില്ലയിൽ നിന്ന് 40 സാമ്പിളുകളാണ് സംഘം ശേഖരിച്ചത്.
ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. സി. ടോഷ്, ഡോ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലോട് സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലെ ഉദ്യോഗസ്ഥരും ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്ക്കുണ്ടായിരുന്നു.
ഇറച്ചിക്കടകളിലെ കത്തി, കട്ടിംഗ് ബോർഡ് എന്നിവിയിൽ നിന്നുള്ള സാമ്പിൾ, ഇറച്ചി കഴുകിയ വെള്ളം, ദേശാടനപ്പക്ഷികളുടെ കാഷ്ഠം, പറന്നു നടക്കുന്ന പക്ഷികളുടെ കാഷ്ഠം, പാടങ്ങളിലെ വെള്ളം എന്നിവയാണ് ശേഖരിച്ചിട്ടുള്ളത്.
തഴക്കരയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവയുടെ കാഷ്ഠവും ശേഖരിച്ചത്. ആലപ്പുഴ ജില്ലയിലെ പരിശോധനയ്ക്ക് ശേഷം സംഘം ഇന്നുരാവിലെ കോട്ടയം ജില്ലയിൽ പരിശോധന നടത്തും.
രാവിലെ 7.30ന് കുമരകത്ത് പരിശോധന ആരംഭിക്കും. ശേഷം കോട്ടയം നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങലിലും പരിശോധന നടത്തും. ദേശാടന പക്ഷികൾ കുമരകത്ത് കൂടുതൽ എത്തുന്നതിനാൽ ഇവിടെ വിപുലമായ പരിശോധന ഉണ്ടാവും. 20ഓളം സാമ്പിളുകൾ കോട്ടയത്ത് നിന്ന് ശേഖരിക്കും.
പുതിയ വൈറസ് ഉണ്ടോ എന്ന് പരിശോധിക്കും
ശേഖരിച്ച സാമ്പിളുകളിൽ നിന്ന് പുതിയ വൈറസ് സാന്നിധ്യം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തും. ജില്ലയിൽ എച്ച്-5 എൻ-1 വൈറസാണ് കണ്ടെത്തിയത്. ഇതിൽ നിന്ന് വ്യത്യസ്തമായ വൈറസ് സാന്നിധ്യം ഉണ്ടോ എന്നാണ് കണ്ടെത്തുക. കൂടാതെ മറ്റ് പക്ഷികളിൽ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ട് ഇവയുടെ തീവ്രത എന്നിവയും കണ്ടെത്തും.